Tuesday, 28 August 2018

*സങ്കൽപ്പമില്ലാത്ത ദോജോ* -Mu Nen Ryu-


[കഥ]
കരാത്തെയിലെ ഒട്ടുമിക്ക പ്രയോഗങ്ങളും ജാപ്പാനിൽ നിലവിലുണ്ടായിരുന്ന ലെയ്‌ഡോ [വാൾ ] പ്രയോഗങ്ങളെ ചെറുക്കാനോ അല്ലെങ്കിൽ തെന്നിമാറാനോ ആയിരുന്നെന്ന് വിശ്വസിച്ച് വരുന്നു. അക്കാലത്തെ ഒരു കഥയാണിത്.
ഒരിക്കൽ ഒരു ഗ്രാമത്തിൽ ഒരു പാവപ്പെട്ട വയസനുണ്ടായിരുന്നു, എല്ലാം നഷ്ടപ്പെട്ട അദ്ദേഹം തൊഴിൽ തേടി കാൽനടയാരംഭിച്ചു. കൈയ്യിൽ ഉണ്ടായിരുന്ന പണവും കരുതിയിരുന്ന കുറച്ച് ഭക്ഷണവും എല്ലാം തീർന്നു, ഇനിയിപ്പോ എന്താ ചെയ്യാ ഗ്രാമത്തിലേക്ക് തിരിച്ചെത്തുമ്പോഴേക്ക് താൻ വിശന്ന് ചാവും. അങ്ങനെയായോചിമ്പോഴാണ് അടുത്ത ഒരു ദോജോ [മാർഷൽ ആർട്സ് പഠിപ്പിക്കുന്ന സ്കൂൾ] കണ്ടു, അതിന് മുന്നിൽ ഒരു ബോർഡ് ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു:
" മാസ്റ്ററിനെ കട്ടാനയിൽ തോൽപ്പിച്ചാൽ ഈ ദോജോ നിങ്ങൾക് സ്വന്തമാക്കാം"
സാമർത്യക്കാരനായ വയസ്സന് വിശപ്പടക്കാനുള്ള പദ്ധതി ഉടലെടുത്തു, ഉടൻ തന്നെ ദോജോയുടെ വാതിൽക്കൽ മുട്ടി.
വാതിൽ തുറക്കപ്പെട്ടു ഒരു യുവാവ് മുന്നിൽ തല കുനിച്ചുകൊണ്ട് നിൽക്കുന്നു,
വളരെ ഗൗരവത്തോടുകൂടി വയസ്സൻ പറഞ്ഞു
"ഈ ബോർഡ് കണ്ടിട്ടാണ് വാതിലിൽ മുട്ടിയത്"
യുവാവ് വീണ്ടും "ബോ" [തല കുനിച്ച് അന്യോന്യം അഭിവാദ്യം ചെയ്യുക ] ചെയ്ത് വയസ്സനെ ദോജോയിലേക്ക് ക്ഷണിച്ചിട്ട് അവിടെയുള്ള ഇരിപ്പിടത്തിൽ ഇരിക്കാൻ പറഞ്ഞു.
ഉടൻതന്നെ ഒരു മഗ്ഗിൽ കുടിവെള്ളവുമായി വന്ന യുവാവിൻ്റെ കൂടെ അവിടത്തെ മുതിർന്ന ഒരു വിദ്യാർത്ഥിയുമുണ്ടായിരുന്നു, വെള്ളം ഒരൂക്കിൽ വലിച്ചുകുടിച്ച വയസ്സൻ തന്നെ പരിചയപെടുത്തിപ്പറഞ്ഞു.
"എവിടെ നിങ്ങളുടെ മാസ്റ്റർ, അവരെ വിളിക്കൂ, അദ്ദേഹത്തിനോട് ഒരു കൈ നോക്കാനാണ് ഞാൻ വന്നത്"
ഇത് കേട്ട സൻപായി ഒരു തികഞ്ഞ സമുറായിയെ പോലെ സൗമ്യമായി പറഞ്ഞു
" മാസ്റ്ററുമായി പയറ്റണമെങ്കിൽ ആദ്യം എന്നോട് ഒരു കൈ നോക്കണം"
"തമാശ കളിക്കാനുള്ള സമയംമില്ല, വേഗമാകട്ടെ, മാസ്റ്ററെ വിളിക്കൂ"
വളരെ കഠിനസ്വരത്തോടെ വയസ്സൻ പറഞ്ഞപ്പോൾ സെൻപായി [ദോജോയിലെ മുതിർന്ന വിദ്യാർത്ഥി ] അതിയായ കോപം വന്നു, അതിഥിയായി പോയി, അതിലുപരി മാസ്റ്ററിൻ്റെ അത്രക്കും പ്രായമുള്ളയാളോട് അപമര്യാദകാണിച്ചാൽ മാസ്റ്റർ തന്നെയിയിവുടുന്നു പുറത്താക്കുമെന്നറിയുന്നത് കൊണ്ട്, ബോ ചെയ്ത് പറഞ്ഞു
"മാസ്റ്റർ ഇപ്പൊ വിശ്രമത്തിലാണ്, അദ്ദേഹത്തിൻ്റെ മികവറിയണമെങ്കിൽ ഞാനിവുടത്തെ സെൻപായിയാണ് എന്നോട് പയറ്റിനോക്കിയാലും"
"ഹേ .. സെൻപായി, ഞാനാദ്യമേ പറഞ്ഞു തമാശ കളിക്കാനെനിക്ക് സമയമില്ല , ഇത് തികച്ചും വഞ്ചനയാണ്, മാസ്റ്ററിനെ തോൽപ്പിച്ചാൽ ഈ ദോജോ നിങ്ങൾക് സ്വന്തമാക്കാമെന്നാണല്ലോ എഴുതി വെച്ചത്, ഇത് തികച്ചും ചതിയാണ്"
വയസ്സൻ വിട്ടുകൊടുത്തില്ല, നിവൃത്തിയില്ലാതെ സെൻപായി മാസ്റ്ററിൻ്റെയടുത്തെത്തി കാര്യങ്ങൾ അവതരിപ്പിച്ചു.
മാസ്റ്റർ തൻ്റെ കട്ടാനയുമായി ഓടി പൂമുഖത്തെത്തി തന്നെ വയസ്സനെ പരിചയപ്പെടുത്തി, വയസ്സൻ എഴുന്നേറ്റ് അഭിവാദ്യം ചെയ്തു
"ഞാൻ അങ്ങയോട് മത്സരിക്കാനാണ് വന്നതെന്ന് പറഞ്ഞു"
"ശെരി ഞാൻ തയ്യാർ, അങ്ങ് റ്റാറ്റാമിയിലേക്ക് വന്നാലും"
[മത്സരങ്ങൾ നടത്താനുള്ള കളമാണ് "റ്റാറ്റാമി"]
"സെൻസി താങ്കളുടെ കട്ടാന എടുത്താലും"
"അയ്യോ ഞാൻ കട്ടാന കൊണ്ടുവന്നില്ല"
"ശരി ഒരു കാര്യം ചെയ്യാം കട്ടാന കടംതരാൻ പറ്റില്ല, തത്ക്കാലം ബോക്കെൻ ഉപയോഗിച്ച് പയറ്റിനോക്കാം"
[പരിശീലനത്തിന് ഉപയോഗിക്കുന്ന മരത്തിൻ്റെ കട്ടാന ]
വയസ്സനും മാസ്റ്ററും ബോക്കനുമായി റ്റാറ്റാമിയിൽ നിലയുറപ്പിച്ചു.
മാസ്റ്റർ നോക്കുമ്പോൾ വളരെ സാധാരണ നിലയിലുള്ള ചുവടിലാണ് വയസ്സൻ നിലകൊണ്ടത്, ആകെകൂടെ ഒരു സംശയം താനിന്ന് വരെ കാണാത്ത ഒരു തരം നിൽപ്പാണല്ലോയിത് ഈ വയസ്സൻ്റെ ശരീരത്തിൽ ഏതൊരാൾക്കും നിഷ്പ്രയാസം വെട്ടാൻ പറ്റും, പക്ഷെ ഇയാൾ അനങ്ങുന്നില്ലല്ലോ, സമുറായിയുടെ വിശേഷതായാണ് ക്ഷമയോടെ ആക്രമണത്തെ ചെറുക്കുകയെന്നത്. രണ്ടു പേരും അനങ്ങാതെ അന്യോന്യം കണ്ണിൽ നോക്കിനിൽപ്പാണ്. നല്ല ഒരു സമുറായി ഒരിക്കലും ആദ്യം ആക്രമിക്കില്ല, ഈ വയസ്സനെന്തൊക്കെയോ അറിയാം.
സത്യത്തിൽ വയസ്സൻ ഒരു ബോക്കെൻ തന്നെ തൊടുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ്, താൻ നിഷ്പ്രയാസം ആദ്യത്തെ വെട്ടിൽ തന്നെ പരാജയപ്പെടുമെന്ന് വയസ്സനറിയാം, കാര്യം അവതരിപ്പിച്ചു കുറച്ച് എന്തെങ്കിലും ഭക്ഷണവും ഇന്ന് രാത്രി അഭയവും നേടുക എന്ന ഒറ്റ അജണ്ടയായിരുന്നു വയസ്സനുള്ളത്, എപ്പോഴാണ് മാസ്റ്റർ തന്നെ അടിക്കുന്നത് അപ്പൊതന്നെ അടിയറവ് പറയാൻ തക്കം നോക്കിനിൽക്കുന്ന വയസ്സൻ്റെ കണ്ണിൽ ഒരു വല്ലാത്ത ഏകാഗ്രതയാണ് മാസ്റ്റർക്ക് കാണാൻ സാധിക്കുന്നത്.
രണ്ട് പേരും അന്യോന്യം നോക്കി നിൽക്കുകയാണ്, മാസ്‌റ്ററിൻ്റെ ക്ഷമയറ്റു, മെല്ലെ നീങ്ങി നീങ്ങി വയസ്സൻ്റെയടുത്തെത്തി അതിവേഗത്തിൽ തൻ്റെ ബോക്കെൻ ഉയർത്തിയടിക്കാൻ നോക്കിയതേയുള്ളു, വയസ്സാനിതാ മുട്ടിൽ കുത്തി അടിയറവ് പറഞ്ഞിരിക്കുന്നു.
"ഹേ .. എന്താണിത് നാം പയറ്റിയില്ലല്ലോ"
ക്ഷമാപണത്തോടെ വയസ്സൻ പറഞ്ഞു
"വിശപ്പടക്കാനാണ് ഇങ്ങനൊക്കെ ഒപ്പിച്ചത്, തോറ്റാലും അങ്ങെനിക്ക് ഭക്ഷണവും താമസവും തരുമെന്ന് എനിക്ക് തോന്നി"
പാരമ്പരാഗതമായിട്ടുള്ള ഒരു ചുവടുംവെക്കാനറിയാത്ത വയസ്സനെ മനസ്സിലാക്കാൻ കഴിയാത്ത താൻ ആദ്യമേ തോറ്റിരുന്നു, പുറത്തെഴുതിവെച്ചത് ഏറ്റവും വലിയ പരാജയമെന്നും മാസ്റ്റർ മനസ്സിലാക്കി.
വയസ്സന് വയറ് നിറയെ ഭക്ഷണവും അന്ന് അവിടെ താമസിക്കാനുള്ള സൗകര്യവും ചെയ്യാൻ സെൻപായിയെ ചുമതലപ്പെടുത്തി.
പിന്നീട് സെൻസി [മാസ്റ്റർ ] തൻ്റെ സ്കൂളിൻ്റെ മുകളിൽ വലുതായി എഴുതിവെച്ചു
*സങ്കൽപ്പമില്ലാത്ത ദോജോ*
ഒരു ചെറിയ തിരിച്ചറിവ് സ്വയം തന്നെ ശുദ്ധമാക്കാനാവുമെന്ന് മാർഷൽ ആർട്സ് പ്രേമികളെ പഠിപ്പിക്കുന്ന *സങ്കൽപ്പമില്ലാത്ത ദോജോ*
"The school of No Thoughts" എന്ന തത്വം സ്വന്തം എല്ലാമെന്ന് വിശ്വസിക്കുന്ന സമൂഹത്തിലെ എല്ലാവർക്കുമുള്ള പാഠമായും മാർഷൽ ആർട്സ് പ്രേമികൾ കാണുന്നു.

Wednesday, 15 August 2018

മറ്റാജുറോ വാൾപ്പയറ്റ് പഠിച്ച കഥ :


ജാപ്പാനിലെ വളരെ പ്രസക്തിനേടിയ ഒരു തറവാടായിരുന്നു യഗ്യു കുടുംബം. പരമ്പരാഗതമായി കട്ടാന എന്ന ഏകദേശം രണ്ടരയടിയും ഒരു കിലോയിൽ കൂടുതൽ ഭാരമുള്ള ബ്ലൈഡ് പോലെ മൂർച്ചയുള്ള ജാപ്പനീസ് വാൾ പയറ്റ് പഠിപ്പിച്ചുവരുന്ന ഒരു കളരി യഗ്യു കുടുംബത്തിലുണ്ടായിരുന്നു, അന്നത്തെ ഒട്ടുമിക്ക കട്ടാന പ്രേമികളും ഇവിടെയായിരുന്നു പഠിച്ചിരുന്നത്.
മാസ്റ്ററിൻ്റെ മകനായ മറ്റാജുറോ യഗ്യു മടിയനായിരുന്നു പിതാവിനോട് ശകാരം കിട്ടാത്ത ദിവസം വളരെ ദുർല്ലഭം. മടികൊണ്ട് കളരിയിൽ വരാത്ത മറ്റാജുറോവിനെ ഒരിക്കൽ പിതാവ് വീട്ടിൽനിന്ന് ഇറക്കിവിട്ടു.
പിതാവിനെ ജീവൻതുല്യം സ്നേഹിച്ചിരുന്ന മറ്റാജുറോ വാൾപയറ്റുപഠിക്കാൻതന്നെ തീരുമാനിച്ചു, അങ്ങനെ ഒരു നല്ല മാസ്റ്ററിനെതേടിയുള്ള യാത്രയായി ഗ്രാമഗ്രാമാന്തരങ്ങളിൽ അദ്ദേഹം മാസ്റ്ററിനെത്തേടി തേടി അലഞ്ഞു. ഒടുവിൽ മൈലുകൾക്കപ്പുറത്ത് മൗണ്ട് ഫുട്ട്‌റാ എന്ന സ്ഥലത്തുള്ള ബൻസോ മാസ്റ്ററിനെപറ്റിയറിഞ്ഞ മറ്റാജുറോ അവിടെയെത്താൻ കാൽനടയാരംഭിച്ചു. ഒടുവിൽ ബൻസോ മാസ്റ്ററിൻ്റെയടുത്തെത്തി, തന്നെ സ്വയം പരിചയപ്പെടുത്തി തനിക്ക് വാൾപ്പയറ്റ് പഠിക്കണമെന്ന് അപേക്ഷിച്ചു,
"യഗ്യു കുടുംബം വാൾപ്പയറ്റ്‌ പഠിപ്പിക്കുന്നതിൽ അഗ്രഗണ്യന്മാരാണല്ലോ, താൻ അവുടെന്ന് എന്തുകൊണ്ട് മുഴുമിച്ചില്ല ?"
"ക്ഷമിക്കണം മാസ്റ്റർ, എൻ്റെ മടി കാരണം പിതാവ് ഇറക്കിവിട്ടതാണ്."
വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചത്കൊണ്ട് മാസ്റ്ററിന് മറ്റാജുറോവിനെ ഇഷ്ടപ്പെട്ടു, എന്നാലും ഇയാളൊന്ന് പരീക്ഷിച്ച്കളയാം.
"മടിയന്മാർക്ക് പറ്റിയ ഒരു പണിയല്ലല്ലോ ഇത് താനിതിന് അർഹനാണോന്ന് പരീക്ഷിക്കേണ്ടിയിരിക്കുന്നു."
"അയ്യോ മാസ്റ്റർ അങ്ങനെ പറയാതെ, കുറച്ച് ദിവസമായി ഭക്ഷണമൊന്നും വേണ്ടപോലില്ല, എന്നെ അങ്ങ് പഠിപ്പിച്ചാലും, ഞാൻ യഗ്യു കുടുംബത്തിലെ യോഗ്യാനായ പുത്രനാണെന്ന് എൻ്റെ എല്ലാമായ അച്ഛനെ ബോധ്യപ്പെടുത്തണമെങ്കിൽ എനിക്കിത് പഠിച്ചേ തീരു, എന്നെ അങ്ങയുടെ ശിഷ്യഗണത്തിൽ എടുത്താലും "
"ഞാൻ ഇവുടത്തെ ദാസ്യപ്പണി ചെയ്ത് കൊള്ളാം "
മറ്റാജുറോവിലെ താത്‌പര്യം കണ്ട ബൻസോ മാസ്റ്റർ പറഞ്ഞു
"ശരി"
"മാസ്റ്റർ ഞാനിത് എത്ര വർഷം കൊണ്ട് പഠിക്കും"
"ഇനിയുള്ള ജീവിതം മുഴുവനും വേണ്ടിവരും"
"ഊഫ് , ശരി ഞാനിവിടെ അങ്ങയുടെ എല്ലാ ജോലിയും ചെയ്ത് പഠിക്കുകയാണെങ്കിൽ
എത്ര കൊല്ലം വേണ്ടിവരും ?"
"അങ്ങനെങ്കിൽ ഒരു പത്ത് കൊല്ലം വേണ്ടി വരും"
"മാസ്റ്റർ എൻ്റെ പിതാവ് വായാസ്സാവാറായി, അദ്ദേഹത്തിൻ്റെ അവസാന കാലത്തിൽ പരിചരിക്കാൻ ഞാനാഗ്രഹിക്കുന്നു, എനിക്കിനി സമയമില്ല, കൂടുതൽ കഠിനാദ്വാനം ചെയ്‌താൽ എത്ര സമയമെടുക്കും ?"
" ഓ അങ്ങനെങ്കിൽ ഏകദേശം മുപ്പതോളം വർഷങ്ങൾ വേണ്ടിവരും "
"അയ്യോ മാസ്റ്റർ എനിക്കൊന്നും മനസ്സിലാവുന്നില്ല, ആദ്യം പറഞ്ഞത് പത്ത് വർഷമെന്നാണല്ലോ ? ഞാൻ എന്ത് വേണമെങ്കിലും സഹിക്കാൻ തയ്യാറാണ്, വിശ്വസിച്ചാലും, ഞാൻ പറഞ്ഞല്ലോ അങ്ങയുടെ എല്ലാ വീട്ടു വേലയും ഞാൻ ചെയ്തുകൊള്ളാം, എനിക്ക് നല്ല പാചകവുമറിയാം, ഈ കല പഠിക്കാൻ ഞാനെന്തും ചെയ്യാൻ തയ്യാറാണ്. "
"അതെയോ..... എന്നാ പിന്നെ ചുരുക്കം ഒരു എഴുപത് വർഷത്തോളം വേണ്ടിവരും, ഫലം പ്രതീക്ഷിച്ച് ധൃതിഗതിയിൽ പഠിച്ചാൽ ഒരിക്കലും ഈ കല പഠിക്കാൻ പറ്റില്ല, ക്ഷമയാണ് മാനദണ്ഡം"
"ഓ മാസ്റ്റർ എനിക്ക് മനസ്സിലായി, അങ്ങയുടെ ദാസനായി എന്നെ സ്വീകരിച്ചാലും, അങ്ങ് പറയുന്നത് വരെ അങ്ങയുടെ വീട്ടിലേ പണികൾ ചെയ്തു കൊള്ളാം കട്ടാനയെ പറ്റി ഒരക്ഷരം ഞാൻ പറയില്ല"
അങ്ങനെ ബൻസോ മാസ്റ്ററിന് വേണ്ട പലതരത്തിലുള്ള വിഭവങ്ങളും തയ്യാറാക്കി, തുണിയലക്കൽ തുടങ്ങി തൂത്തുവാരുന്നതുവരെയുള്ള എല്ലാ വീട്ട്പണികളും മറ്റാജുറോ ചെയ്ത് കാലങ്ങൾ കടന്ന് പോയി. ഏകദേശം മൂന്ന് വർഷങ്ങളായി മറ്റാജുറോ മറ്റ് കുട്ടികൾ കളരിയിൽ പരിശീലിക്കുന്നത് കണ്ട് വളരെയധികം ക്ഷമയോടെ വീട്ട് ജോലി ചെയ്തു.
ഒരു ദിവസം വസ്ത്രമലക്കികൊണ്ടിരിക്കുന്ന മറ്റാജുറോവിനെ ബൻസോ മാസ്റ്റർ തൻ്റെ "Wooden ബൊക്കെൻ" [കളരിയിൽ വാൾപ്പയറ്റിന് വേണ്ടി ഉപയോഗിക്കുന്ന മരം കൊണ്ട് ഉണ്ടാക്കിയ ഡമ്മി കട്ടാന ] കൊണ്ട് വീശി അടിച്ചു.

"അയ്യോ ... ന്റമ്മോ " മൂന്നുലോകവും ഒരുമിച്ച് കണ്ടു. മാസ്റ്റർ ഒന്നും മിണ്ടാതെ ഒന്നുമറിയാത്തമാതിരി അവിടന്ന് നടന്നകന്നു. എന്തിനാണ് തന്നെ അടിച്ചതെന്ന് ഒരുപിടുത്തവും കിട്ടിയില്ല.
പിറ്റേദിവസം നിലം തുടക്കുമ്പോൾ മാസ്റ്റർ പിന്നെയും ഒന്നുകൊടുത്തു ഇത്തവണയും ഒരക്ഷരം മിണ്ടാതെ മാസ്റ്റർ അവിടുന്ന് നടന്നകന്നു. ഇങ്ങനെ ഇത് പതിവായി. എപ്പഴാ മാസ്റ്ററിൻ്റെ അടിവരുകയെന്നായി ആദ്യമൊക്കെ ദിവസത്തിലൊരിക്കലായിരുന്നിത്, ഇതിപ്പോ സമയവും കാലവുമൊന്നുംനോക്കാതെയാണ് പ്രഹരം.
ഇതിനെന്താ പ്രതിവിധി ..
ഒഴിഞ്ഞുമാറാതെ വേറെ വഴിയില്ല, രാത്രിയുറങ്ങുമ്പോൾ മാസ്റ്ററിൻ്റെ അടിപ്രയോഗം ആലോചിച്ച് എങ്ങനെ മാറണമെന്ന് ഒരു നിഴൽ പരിശീലനം നടത്തി, അതെ രക്ഷയുള്ളൂ ഇല്ലെങ്കി മാസ്റ്റർ എന്നെ ചമ്മന്ദിയാക്കും.
പിറ്റേന്ന്തൊട്ട് തൻ്റെ ഓരോ ചുവടും വളരെ വളരെ ശ്രദ്ധിച്ച് നടക്കാൻ തുടങ്ങി, പാചകം ചെയ്യുമ്പോൾ ചുറ്റ് ഭാഗവും നിരീക്ഷിച്ചു കൊണ്ടിരിന്നു എപ്പോഴാ അടിവരുന്നതറിയില്ല, ആലോചിച്ച് ഒന്ന് തിരിഞ്ഞതേയുള്ളു
ഡിം ... കണ്ടതും മാറിയതും ഒരുമിച്ച് കഷ്ടിച്ച് പുറത്തെ തോലിതൊട്ടുരുമ്പി മാസ്റ്ററിൻ്റെ "ബൊക്കെൻ"
പതിവുപോലെ ഒന്നുംസംഭവിച്ചില്ലെന്ന മട്ടിൽ മാസ്റ്റർ നടന്നകന്നു.
അന്ന് രാത്രി മറ്റാജുറോ ഒഴിയാൻ എന്തൊക്കെ ചെയ്യണമെന്ന് അതി കഠിനമായി പരിശീലനം ചെയ്തു, തൻ്റെ പിതാവ് പഠിപ്പിച്ച മുറകളൊക്കെ ഓർത്തോർത്ത് അതൊക്കെ പരിശീലിച്ചു.
പിറ്റേദിവസം മുറിയിലേക്ക് കയറിയ മറ്റാജുറോവിനെ ഒളിച്ച് നിന്ന മാസ്റ്റർ കൊടുത്ത് നല്ല വേഗതയിലും ശക്തിയിലും, മറ്റാജുറോ വളരെ നിഷ്പ്രയാസം അതിൽ നിന്ന് തെന്നിമാറി, പതിവുപോലെതന്നെ മാസ്റ്റർ നടന്നകന്നു.
പതിയും അല്ലാതെയുമുള്ള അടിയും അതിൽ നിന്ന് തെന്നിമാറലും ഒരു പതിവായി. പിന്നെ പിന്നെ ഒഴിഞ്ഞുമാറുന്നതോടൊപ്പം തൻ്റെ കയ്യിലുള്ള ചട്ടുകവും ചൂലും ഉപയോഗിച്ച് തടുക്കാനും മറ്റാജുറോവിന് കഴിഞ്ഞു.
ഒരു ദിവസം മാസ്റ്റർ ഒളിച്ചിരുന്ന് പതിവിലേറെ വേഗതയിൽ ഒരടി, അതിലും വേഗതയിൽ മറ്റാജുറോ ഒഴിഞ്ഞുമാറി ,
അയ്യോ ഇതെന്താ മാസ്റ്ററിൻ്റെ കയ്യിൽ വടിക്ക് പകരം വളാണല്ലോ.!!!!
ഒന്ന് പേടിച്ച മറ്റാജുറോ നോക്കുമ്പോൾ മാസ്റ്റർ പുഞ്ചിരിച്ച്കൊണ്ട്പറഞ്ഞു
"ഇനി തനിക്ക് പഠിപ്പിക്കാൻ എൻ്റെ കയ്യിൽ ഒരുവിദ്യയുമില്ല"
ബൻസോ മാസ്റ്ററിനോട് നന്ദിപറഞ്ഞുകൊണ്ട് സ്വന്തം ഗ്രാമത്തിലേക്ക് യാത്രായായി.
ഗ്രാമത്തിൽ തിരിച്ചെത്തിയ മറ്റാജുറോ പിതാവിനോട് ക്ഷമാപണം നടത്തി കളരിയിൽ തൻ്റെ ചാതുര്യം തെളിയിച്ചു.
പിന്നീട് യഗ്യു കുടുംബത്തിലെ ഏറ്റവും പ്രഗത്ഭന്മാരിലൊളായി മറ്റാജുറോ സെൻസി അറിയപ്പെട്ടു , കട്ടാന പ്രേമികളെ പോലെ എല്ലാ മാർഷൽ ആർട്സ് പ്രേമികളുടെയും ഹരമാണ് യഗ്യു മറ്റാജുറോ സെൻസിയുടെ കഥ.

Monday, 6 August 2018

നമുക്ക് സ്വാതന്ത്രം കിട്ടി !!!!! ??????

നമുക്ക് സ്വാതന്ത്രം കിട്ടി !!!!! ??????

രാവിലെ തന്നെ ലൈബ്രറിയിൽ വന്ന ഒരു കുട്ടിയോട് ഞാൻ ചോദിച്ചു,

കേരളത്തിൽ സ്വാതന്ത്രസമരസേനാനികളിൽ പ്രധാനികൾ ആരൊക്കെയാണ് ?

ശോ, ഞാൻ മറന്നു... ഓർമ്മയില്ല .

എന്നാൽ മോളൊരുപകാരം ചെയ്യണം, ഒരു വാക്കാൽ സർവേ നടത്തണം, കാണുന്ന എല്ലാ കുട്ടികളെയും ഞാൻ ചോദിച്ച ചോദ്യം ആവർത്തിക്കൂ, എങ്ങനൊക്കെ മറുപടി കിട്ടിയെന്ന് കുട്ടിയെന്നോട് വന്ന് പറയണം.

ഞാനത് തീർച്ചയായും ചെയ്യാം സർ.

കഫെറ്റേറിയയിൽ കണ്ട കുട്ടികളോടും ഇതേ ചോദ്യം ആവർത്തിച്ചു, പത്ത്-ഇരുപത്തിയഞ്ചുകുട്ടികളിൽ ഒരു കുട്ടി ഏറെ പരിശ്രമിച്ച് ആലോചിച്ച് മറുപടി പറഞ്ഞു, എനിക്കാശ്വാസമായി ഒരാളെങ്കിലും ഉണ്ടല്ലോ.

എൻ്റെ സഹപ്രവർത്തകരിൽ മലയാളം അധ്യാപകൻ രാജേഷ് സാറിനോടും ഇഗ്ലീഷ് അധ്യാപകൻമാരായ നോയൽ സാറിനോടും Dr. PJ യോടും എനിക്ക് വേണ്ടി ക്ലാസ്സിൽ ഈ വാക്കാലുള്ള സർവേ ചെയ്തു നോക്കാൻ അപേക്ഷിച്ചു, എത്രകുട്ടികള്ക് ഉത്തരമറിയാമെന്നു നോക്കാലോ? ......

ക്‌ളാസ്സിൽ പൊതുവായുള്ള ചോദ്യമായത് കൊണ്ട് സജിൻ സാറിന് ഭൂരിപക്ഷം കുട്ടികളും ഉത്തരം നൽകി, ഒരുപക്ഷെ വ്യക്തിപരമായി ചോദിക്കുമ്പോൾ കുട്ടികൾ ഉത്തരം അറിയാമെങ്കിലും തെറ്റിയാലോന്നാലോചിച്ച് പറയാതിരുന്നതാവാം ഞാൻ ചോദിച്ചപ്പോൾ മറുപടി വരാത്തത്.

നോയൽ സാറിനും തൃപ്തികരമായ മറുപടി കുട്ടികളിൽ നിന്നും കിട്ടിയില്ല

രാജേഷ് സാറും ഇതേ ചോദ്യം ക്‌ളാസ്സിൽ ആവർത്തിച്ചു അവിടുന്നും ഇവിടുന്നും കിട്ടിയ കുറച്ചറിവ് കുട്ടികൾക്കുണ്ട് എന്തായാലും വ്യക്തമായ ധാരണയില്ലെന്ന് മനസ്സിലായി..

കോളേജ് വിട്ട ഉടനെ രാവിലെ സർവേ എടുക്കാനേല്പിച്ചവൾ അല്പം നിരാശയോടെ വന്നു

വളരെ ദയനീയമാണ് സർ, ആർക്കും ഒരു ധാരണയുമില്ല. നമുക്ക് നമ്മളെ പറ്റിയറിഞ്ഞില്ലെങ്കി കഷ്ടാട്ടോ ...അവൾ കൂട്ടിച്ചേർത്തു.
ആരാണിതിനൊക്കെ ഉത്തരവാദി
നമ്മളാണോ ? അതോ നാമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയോ ?

ഇക്കാലത്ത് കിട്ടുന്ന ഭൂരിഭാഗം വാർത്താമാധ്യമങ്ങൾക്കെല്ലാം വ്യക്തമായ അജണ്ടയുണ്ട്, എനിക്ക് തോന്നുന്നത് ഒരു താരതമ്യ പഠനമായിരിക്കും നമ്മുടെ കുട്ടികൾ നടത്തേണ്ടത്, അവർ ചിന്തിക്കട്ടെ ഏതാണ് തെറ്റ്, ഏതാണ് ശരിയെന്ന്. ഒരു പരന്ന വായനയില്ലാതെ ഇതൊന്നും സാധ്യമല്ലെന്ന് മനസ്സിലാക്കാം. നാമെല്ലാവരും വിചാരിച്ചാൽ ഈ അവസ്ഥയിൽ മാറ്റം വരുത്താൻ സാധിക്കും, നമ്മുടെ അടുത്ത് വരുന്ന കുട്ടികളോട് നമ്മുടെ ജില്ലയിലെ അല്ലെങ്കിൽ സംസ്ഥാനത്തെ സ്വാതന്ത്രത്തസേനാനികളെ പറ്റി അല്പമെങ്കിലും ഈവരുന്ന സ്വാതന്ത്രദിനത്തിലെങ്കിലും പറഞ്ഞുകൊടുത്താൽ ഇങ്ങനൊരവസ്ഥ ഇല്ലാതാക്കാൻ പറ്റുമെന്ന് തോന്നുന്നു. കൊല്ലത്തിലാകപ്പാടെ കിട്ടുന്ന സ്വാതന്ത്രദിനത്തിലോ റിപ്പബ്ലിക് ദിനത്തിലോ നമുക്ക് നമ്മുടെ രാജ്യത്തിന് വേണ്ടി മുഴുവൻ ജീവനും ലാഭേശ്ചയില്ലാതെ പ്രവർത്തിച്ച മുഹമ്മദ് അബ്ദുറഹിമാനും, തിരുവിതാകൂറിൻ്റെ ജാൻസി റാണിയെന്നറിയപ്പെടുന്ന അക്കാമ്മ ചെറിയാനും, കുട്ടിമാളുയമ്മയും, പഴശ്ശിരാജയും പോലെ ഒട്ടനവധി ധീരയോദ്ധാക്കളെ സമ്പന്ന സമൃദ്ധമായ കേരളസംസ്കാരത്തോടുകൂടി തന്നെ സ്മരിച്ചില്ലെങ്കിൽ അടുത്ത തലമുറക്ക് ഇതെല്ലാം തന്നെ വെള്ളത്തിൽ "ക്ഷ" വരച്ചപോലെയാവും.

ഇതെല്ലാം മനസ്സിലാക്കിവരുമ്പോൾ എനിക്കൊരു സംശയം,

നമുക്ക് സ്വാതന്ത്രം കിട്ടിയോ?

നമുക്ക് നാം ആഗ്രഹിക്കുന്ന വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ ? നമുക്ക് സത്യചരിത്രങ്ങൾ വായിക്കാനുള്ള സ്വാതന്ത്രം കിട്ടിയോ ?

നമുക്ക് മായമില്ലാത്ത ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്രം കിട്ടിയോ ?

നമുക്ക് നല്ല ശുദ്ധവായു ശ്വസിക്കാനുള്ള സ്വാതന്ത്രം കിട്ടിയോ ?

നമ്മുടെ മക്കൾക്ക് തെരുവുകളിൽ യദേഷ്ടം സഞ്ചരിക്കാനുള്ള സ്വാതന്ത്രം കിട്ടിയോ ?

നമുക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള സ്വാതന്ത്രം കിട്ടിയോ ?

"ആവിഷ്കാര സ്വാതന്ത്രം" തന്നെ പല താളങ്ങളിൽ നോക്കിക്കാണുന്ന കാലത്ത് നമ്മുടെ കുട്ടികൾ വഴിമറന്നുപോവുന്നെന്ന് തോന്നുന്നതിൽ തെറ്റില്ല.

ഏവർക്കും നല്ല ഒരു സ്വതന്ത്ര ദിനമുണ്ടാവട്ടെയെന്ന് മുൻകൂറായി ആശംസിക്കട്ടെ

Saturday, 4 August 2018

ക്ഷിപ്രകോപം ആപത്ത്

ജാപ്പാനിലെ ജന്മിത്ത സമ്പ്രദായകാലത്തുണ്ടായ ഒരു കഥയാണിത്, ടാക്കുഗാവ ഗോത്രത്തിൻ്റെ ജാപ്പാൻ ഫ്യുഡൽ പട്ടാളഭരണകാലത്ത് സംഭവിച്ച ഒന്നാണിതെന്ന് സമുറായികളും ആയോധന കാലാപ്രേമികളും വിശ്വസിച്ചുവരുന്നു.
ടാക്കുഗാവ ഷോഗുണാട്ടെയുടെ കാലത്തിൽ ജീവിച്ചിരുന്ന വളരെ ദയാലുവും ക്ഷിപ്രകോപിയുമായ ഒരു സമുറായ് ഉണ്ടായിരുന്നു, പാവപ്പെട്ട കൃഷിക്കാരെയും മുക്കുവന്മാരെയും അദ്ദേഹം സഹായിച്ചിരുന്നു, ഒറ്റ നിബന്ധന മാത്രം കൊടുത്ത കടം പറഞ്ഞ സമയത്ത് തിരിച്ചു തരണം, അല്ലെങ്കി അദ്ദേഹത്തിൻ്റെ തനി നിറം കാണും. അങ്ങനെയിരിക്കെ അദ്ദേഹം ഒരു മുക്കുവന് 10 കൊക്കു കടം കൊടുത്തു, മുക്കുവന് തൻ്റെ മീൻവലയും ബോട്ടും നന്നാക്കാനായിരുന്നിത്. [ 1-കൊക്കു എന്ന് പറഞ്ഞാൽ 1000വെങ്കല നാണയങ്ങൾ ]. കൃത്യമായ ഒരു കൊല്ലം കഴിഞ്ഞാൽ തിരിച്ച് തരാമെന്നായിരുന്നു വാക്ക്.
കൃത്യം ഒരു വർഷം കഴിഞ്ഞു, സമുറായ് താൻ കൊടുത്ത കടം തിരിച്ചു വാങ്ങാൻ ചെന്നു , മറ്റ് പലരെയും സഹായിക്കാനുണ്ട്. സമുറായിയെ കണ്ട മുക്കുവൻ തടിവെട്ടിയിട്ടപോലെ കാൽക്കൽ വീണു.
ഹേ , ഞാൻ തന്ന കാശ് തിരിച്ചുതരൂ മറ്റൊരിടം കൊടുക്കാമെന്നേറ്റിട്ടുണ്ട്
അയ്യോ എൻ്റെ പൊന്നു തിരുമേനി എൻ്റെ കൈയ്യിൽ ഇപ്പം പണമില്ല, മഴയും മറ്റുകാരണത്താൽ സമുന്ദ്രത്തിൽ പോവാൻ പറ്റിയില്ല ബിസിനസ്സാകെ പൊളിഞ്ഞിരിക്കയാണ്, താങ്കളുടെ പണം അടുത്ത വർഷം തരാം.
ക്ഷിപ്രകോപിയായ സമുറായി "കട്ടാന" മുക്കുവൻ്റെ കഴുത്തിന് നീട്ടി അലറി വിളിച്ചു.
ഏകദേശം രണ്ടരയടിയും ഒരു കിലോയിൽ കൂടുതൽ ഭാരമുള്ള ബ്ലൈഡ് പോലെ മൂർച്ചയുള്ള ജാപ്പനീസ് വാളാണ് "കട്ടാന". സൂഷ്മമായി സമയവും വേഗതയും ശ്രദ്ധിച്ചില്ലെങ്കിൽ കഴുത്തിന് മുകളിൽ തല കാണില്ല അതുകൊണ്ട് കട്ടാന അഭ്യസിക്കുന്നവരൊക്കെ തന്നെ സമയനിഷ്ട പാലിക്കുന്നവരായിരിക്കും.
ധിക്കാരി.... സമയത്തിൻ്റെ വിലയറിയാത്തവന് ജീവിക്കാൻ യാതൊരനുവാദവുമില്ല, തന്നെ ഞാൻ തുണ്ടമാക്കാൻ പോവുന്നു.
അടുത്തുള്ള ഭാര്യയും മകനും ഉറക്കനെ കരയുന്നുണ്ടായിരുന്നു.
വളരെ സൗമ്യമായി മുക്കുവൻ പറഞ്ഞു ...ഞാനും കട്ടാന വിദ്യ അഭ്യസിക്കുന്നുണ്ട്.
ഇത് സമുറായിയിൽ കൂടുതൽ കോപമുളവാക്കി,
ഫ .... എന്നെ വെല്ലു വിളിക്കുന്നുവോ നീ..... എന്നാൽ അതിവിടെ വെച്ച് കാണാം.
അല്ല തിരുമേനി ഞാനങ്ങയെ വെല്ലുവിളിക്കുകയല്ല, എൻ്റെ ഗുരുനാഥൻ എന്നെ പഠിപ്പിച്ചത് സൗമ്യതയാണ്
"ഒരിക്കലും കോപം കൂടുമ്പോൾ ആക്രമിക്കരുത്" എന്ന തത്വം ഓർമിച്ചാലും
നല്ലൊരു സമുറായി ഒരിക്കലുമത് ചെയ്യില്ലെന്നും എൻ്റെ ഗുരുനാഥൻ എന്നെ പഠിപ്പിക്കുന്നു.
ഒരു നിമിഷത്തേക്ക് സമുറായ് തൻ്റെ ഗുരുനാഥനെയും ആലോചിച്ച് പോയി, അദ്ദേഹവും പലപ്പോഴായി ഈ പാഠം പഠിപ്പിച്ചിരുന്നു. ശാന്തനായ സമുറായി തൻ്റെ ഗുരുനാഥനെ സ്മരിപ്പിച്ചതിൽ മുക്കുവനോട് നന്ദി പറഞ്ഞു, ഒരു കൊല്ലത്തെ സമയം കൊടുത്തു തൻ്റെ വീട്ടിലേക്ക് തിരിച്ചു.
ഗ്രാമത്തിൽനിന്നും തിരിക്കുമ്പോൾ ഏറെ വൈകിയിരുന്നു, തൻ്റെ വീട്ടിലെത്തിയപ്പോൾ എല്ലാവരും വിളക്കണച്ച് കിടപ്പിലാണ്. പരിചാരകന്മാരെയും അമ്മയെയും ഭാര്യയെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയ സമുറായി പതുക്കെ പതുക്കെ തൻ്റെ ബെഡ് റൂമിലെത്തി. നേർത്ത ചന്ദ്രവെളിച്ചത്തിൽ തൻ്റെ ബെഡിൽ ഭാര്യയുടെ കൂടെ വേറൊരു സമുറായി ഇതാ കിടക്കുന്നു.
ക്ഷിപ്രകോപം, കട്ടാന പുറത്തെടുത്തു, ഒറ്റ വെട്ടിന് രണ്ടിനെയും പാകപ്പെടുത്തണം, വെട്ടാൻ പാകത്തിലുള്ള ചുവടിൽ നിലയുറപ്പിച്ചു. കട്ടാനയുടെ പിടിയിൽ കൈകൾ മുറുകി. ഒരു നിമിഷത്തേക്ക് മുക്കുവൻ്റെ വാക്ക് ചെവിട്ടിൽ ഓടിയെത്തി. "ഒരിക്കലും കോപം കൂടുമ്പോൾ ആക്രമിക്കരുത്"
ഏതായാലും ഇവറ്റകളെ കൊല്ലണമെന്ന് ഉറപ്പ്, ആരാണെന്നറിയാൻ സമുറായി അലറി വിളിച്ചു, ഭാര്യയും ഒപ്പം കൂടെ കിടന്ന സമുറായി ഞെട്ടിച്ചാടിയെഴുന്നേറ്റു.
സമുറായി അമ്പരന്നു, തൻ്റെ അമ്മായിയമ്മ ഇതാ സമുറായിയുടെ വേഷത്തിൽ !!!!
എന്താ കാര്യമെന്ന് തിരക്കി,
അഥവാ ആരെങ്കിലും വന്നാൽ സമുറായ് വീട്ടിൽ തന്നെയുണ്ടെന്ന് ധരിപ്പിക്കാൻ വേണ്ടിയാണ് ഞങ്ങളീപ്പണിചെയ്തതെന്ന് ഭാര്യ പറഞ്ഞു.
അടുത്ത കൊല്ലം അദ്ദേഹം വീണ്ടു മുക്കുവനെ നേരിൽ പോയി കണ്ടു , മുക്കുവൻ 10 കൊക്കു കിഴിയാക്കി വെച്ചിരുന്നു,
അത് നിരസിച്ച സമുറായി പറഞ്ഞു
" താങ്കൾ കടം ഒരുവർഷം മുമ്പേ തന്നെ വീട്ടിയല്ലോ "